കേരളത്തില്‍ നിന്നും ഐഎസ് ബന്ധം സംശയിച്ച് പതിനാറിലധികം പേരുടെ തിരോധാനം ഉണ്ടായത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. ഇന്ത്യയില്‍ ഐ.എസിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുമ്പോഴും യുവാക്കള്‍ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദില്ലിയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയെന്ന് സംശയിക്കുന്നവര്‍ സിറിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.

ഓണ്‍ലൈന്‍ വഴിയാണ് ഐ.എസ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് എന്നതുകൊണ്ട് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളും സാമൂഹ്യ മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നേരത്തെ ഇന്ത്യയില്‍ നിന്നും ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐ.എസിനെതിരെ വിവിധ മുസ്ലീം സംഘടനകളെ ഉപയോഗിച്ച് ബോധവത്കരണ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ സംഘടനകളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊന്നും ഐ.എസിന്റെ സ്വാധീനം കുറക്കാന്‍ സഹായകമായിട്ടില്ലെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. അതേസമയം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ഐ.എസിനെ ശ്കതമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നു. ക്രിമിനലുകളുടെ സൈന്യമായ ഐ.എസ്, മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും ഒവൈസി പറഞ്ഞു.