ദില്ലി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ച തുടങ്ങി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാരുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകള്‍.

പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങി പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലേക്കുള്ള മന്ത്രിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകളാണ് ദില്ലിയില്‍ പുരോഗമിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പടെയുള്ള എട്ട് കേന്ദ്രമന്ത്രിമാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. 

ബ്രിക്‌സ് ഉച്ചകോടിതിയല്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 3ന് ചൈനയിലേക്ക് പോവുകയാണ്. അതിന് മുന്നോടിയായി തന്നെ പുതി്യ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കും. വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശനിയാഴ്ച ഉച്ചയോടെ മാത്രമെ ദില്ലിയില്‍ തിരിച്ചെത്തു. അതിന് ശേഷമോ, ഞായറാഴ്ചയോ ആയിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. 

എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ കേന്ദ്രമന്ത്‌സിഭയില്‍ ഉണ്ടാകും. പ്രധാനപ്പെട്ട ഏതെങ്കിലുമൊരു വകുപ്പ് ജെ.ഡി.യുവിന് നല്‍കാന്‍ സാധ്യതയുണ്ട്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കേരളത്തില്‍ നിന്നുള്ള പേരുകളും ചര്‍ച്ചകളിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്നും സ്ഥിരീകരണമില്ല.