വര്‍ഷങ്ങളോളം ഉന്നയിച്ച ആവശ്യമായിരുന്നു മാനസിക രോഗികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ. 2017ല്‍ നിയമ ഭേദഗതി വന്നപ്പോഴും ഇക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല

ദില്ലി: രാജ്യത്തെ ആരോഗ്യമേഖലയില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇനി മുതല്‍ മാനസിക രോഗികള്‍ക്കും ചികിത്സയ്ക്കായി ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കൈമാറി. 2017ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് ഭേദഗതിക്കനുസരിച്ചാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തോടുകൂടിയാണ് ഭേദഗതി ചെയ്ത നിയമം നിലവില്‍ വന്നിരുന്നത്. 

എന്നാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ അപ്പോഴും തീരുമാനമായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് നടത്തിയ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ ഏതാണ് 15 ശതമാനത്തോളം ആളുകള്‍ക്ക് മാനസികാരോഗ്യ പരിരക്ഷ ആവശ്യമാണ്. 

ഉത്കണ്ഠയും വിഷാദവുമടക്കമുള്ള എല്ലാ തരത്തിലുള്ള മാനസിക വിഷമതകള്‍ക്കുമുള്ള ചികിത്സാച്ചെലവും മരുന്നുകളുമാണ് പോളിസിക്ക് കീഴില്‍ വരിക.