ചില വീടുകളില്‍ നേരിട്ടെത്തിയും മറ്റു ചിലരെ രഹസ്യമായി വിളിപ്പിച്ചുമാണ് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. കാണാതായവരുടെ പാസ്‍പോര്‍ട്ടിലെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് പലര്‍ക്കും അറിയാത്ത സാഹചര്യത്തില്‍ ജനന തീയ്യതിയും മറ്റുമാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും പാസ്‌പോര്‍ട്ടുകള്‍ എടുത്തിട്ടുള്ളതെന്നാണ് നിഗമനം. കാണാതായവരില്‍ ചിലര്‍ അയച്ച സന്ദേശങ്ങള്‍ ബന്ധുക്കള്‍, ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഈ സന്ദേശങ്ങളാണ് കാണാതായവര്‍ ഐ.എസിലേക്ക് എത്തിപ്പെട്ടുവെന്ന് ബന്ധുക്കള്‍ക്ക് സംശയം ഉണ്ടാക്കിയത്.

ഡോക്ടര്‍ ഇജാസ് അഹമ്മദ് ഏറ്റവും അവസാനം വീട്ടിലേക്കയച്ച ശബ്ദസന്ദേശവും ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇതിനിടെ ഉത്തര മേഖലാ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശമനുസരിച്ച് കാസര്‍ഗോഡ് എസ്.പി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബന്ധുക്കളോട് വിവരം തേടിയ പൊലീസ്, പരാതി നല്‍കാന്‍ ബാക്കിയുള്ളവരോട് ഉടന്‍ തന്നെ പരാതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.