രാഷ്ട്രീയ നീക്കങ്ങൾക്ക് വേദിയായി ദില്ലി കെജ്‍രിവാളിന്റെ സമരം ഏഴാം ദിവസം പിന്തുണയുമായി പിണറായിയും മമതയും ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാർ ഫെഡറൽ മുന്നണി ചര്‍ച്ചകൾ സജീവമാക്കുന്ന രാഷ്ട്രീയ നീക്കം
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കോണ്ഗ്രസ് ഇതര പ്രതിപക്ഷ പാര്ട്ടികളിലെ മുഖ്യമന്ത്രിമാരുടെ രാഷ്ട്രീയ നീക്കം. രാത്രി കെജ്രിവാളിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രിമാര് സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ രാഷ്ട്രീയ വൈര്യം മറന്ന് പിണറായി വിജയനും മമത ബാനര്ജിയും ദില്ലിയിലെ നീക്കത്തിൽ ഒപ്പം ചേര്ന്നു.
നീതി അയോഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലയിലെത്തിയ പശ്ചിമബംഗാൾ, കേരള, കര്ണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരാണ് ലെഫ്. ഗവര്ണറുടെ വസതിയിൽ അരവിന്ദ് കെജരിവാൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തയത്. ആന്ധ്രഭവനിൽ ഒന്നര മണിക്കൂറോളം നീണ്ട ചര്ച്ചക്ക് ശേഷം നാല് മുഖ്യമന്ത്രിമാരും അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി. ഫെഡറൽ സംവിധാനത്തെ തകര്ക്കാനുള്ള നീക്കമാണ നടക്കുന്നതെന്ന് മുഖ്യമന്ത്രിമാര് ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ കോണ്ഗ്രസ് നടത്തുന്ന നീക്കങ്ങൾക്കിടെയാണ്, കോണ്ഗ്രസ് ഇതര പ്രതിപക്ഷ പാര്ടികൾ കെജ്രിവാളിന് പിന്തുണച്ച് രംഗത്തെത്തിയത്. കോണ്ഗ്രസിനും ബി.ജെ.പിക്കും ബദലായുള്ള ഫെഡൽ മുന്നണി എന്ന ചര്ച്ചകളിലേക്ക് വിരൽ ചൂണ്ടുന്നതുകൂടിയാണ് ഇത്. എതിര്പ്പുകൾ മറന്ന് സിപിഎം മുഖ്യമന്ത്രി തൃണമൂൽ മുഖ്യമന്ത്രിക്കൊപ്പം എത്തിയതും വലിയ രാഷ്ട്രീയ മാറ്റം തന്നെയാണ്.
