Asianet News MalayalamAsianet News Malayalam

നടപടി വേണമെന്ന സിപിഎം ആവശ്യം ശക്തം: ചൈത്ര നടപടി നേരിട്ടേക്കും

അതേ സമയം സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്‍റെ റിപ്പോർട്ട്

chaitra teresa john face action from after cpm pressure to govt
Author
Kerala, First Published Jan 30, 2019, 5:56 AM IST

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മറ്റിഓഫീസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി ഉണ്ടായേക്കും. വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കും.എന്നാല്‍ ചൈത്രയുടെ നടപടി ശരിവച്ച അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പക്ഷെ നടപടി വേണമെന്ന് സിപിഎം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്‍റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർ‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോർട്ടിൽ ഒരു ശുപാർശയും നൽകാതെ സർക്കാരിന്‍റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്. 

അതേസമയം, ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോർ‍ട്ടിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാ‍ർകളൊന്നുമില്ലാത്ത റിപ്പോർട്ടിന്‍റെ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയും. അതിനാൽ സർക്കാർ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമ കേസില്‍ ഒരാളൊഴികെ മറ്റ് ഡിവൈഎഫ്ഐ പ്രവ‍ർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

അതിനിടെ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ പാളയത്ത് റോഡിലിട്ട് മർദ്ദിച്ച കേസിലെ മുഖ്യപ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവുമായ നസീം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ജാമ്യമില്ലാ കേസിൽ പ്രതിയായ നസീം ഒന്നര മാസമായി ഒളിവിലാണെന്നാണ് കന്റോണ്‍മെന്‍റ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ  എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത പരിപാടിയിൽ നസീമെത്തിയത്. ഈ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ കീഴടങ്ങിയത്.

Follow Us:
Download App:
  • android
  • ios