അമിത്ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതെന്ന് നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശ്: അമിത്ഷായുടെ കത്തിന് ചന്ദ്രബാബു നായിഡുവിന്‍റെ മറുപടി. അമിത്ഷാ കള്ളം പറയുകയാണെന്ന് ചന്ദ്രബാബു നായിഡു.അമിത്ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതെന്ന് നായിഡു പറഞ്ഞു.
ആന്ധ്രക്കായി നൽകിയ ഉറപ്പുകളിൽ നിന്ന് പ്രധാനമന്ത്രി പുറകോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡുവിന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ കത്തയച്ചത്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയനോട്ടീസിൽ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) ഉറച്ചുനിൽക്കുമ്പോഴാണ് അമിത്ഷായുടെ കത്ത്.
എൻ.ഡി.എ സഖ്യം വിട്ട് ടി.ഡി.പി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ചേരിയിൽ സര്‍ക്കാരിനെതിരെ ഐക്യം ശക്തമാകുമ്പോഴാണ് ടി.ഡി.പിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്.
എൻ.ഡി.എ വിടാനുള്ള ടി.ഡി.പി തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കത്തിൽ പറയുന്നു. വികസനത്തിനാണ് എൻ.ഡി.എ സര്‍ക്കാര്‍ പ്രഥമ പരിഗണന നൽകുന്നത്. ആന്ധ്രയുടെ വികസനത്തിനായി പ്രധാനമന്ത്രി നൽകിയ ഉറപ്പുകളിൽ നിന്ന് ഇതുവരെ പുറകോട്ടുപോയിട്ടില്ല. ടി.ഡി.പി ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം രാഷ്ട്രീയത്തിലേ വിഭജനത്തിന് മാത്രമെ ഉപകരിക്കൂവെന്നും അമിത്ഷാ കത്തിൽ പറയുന്നു.
ടി.ഡി.പിയെ വിമര്‍ശിക്കാതെയും തള്ളിപ്പറയാതെയുമാണ് അമിത്ഷായുടെ കത്ത് എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളിൽ പാര്‍ലമെന്‍റ് നടപടികൾ തടസ്സപ്പെടുത്തുകയാണ്. ചൊവ്വാഴ്ച സഭ വീണ്ടും ചേരുമ്പോൾ അവിശ്വാസ പ്രമേയ നോട്ടീസുകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇനി കോണ്‍ഗ്രസും രംഗത്തെത്തും. രാജ്യസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയെങ്കിലും പ്രതിപക്ഷ ഐക്യം സര്‍ക്കാരിന് ഭീഷണി തന്നെയാണ്. അത് ഇല്ലാതാക്കുകയാണ് ചന്ദ്രബാബു നായിഡുവിനുള്ള കത്തിലൂടെ അമിത്ഷായുടെ ലക്ഷ്യമിട്ടതെന്നാണ് സൂചന.
