പത്തനംതിട്ട: പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്‍റേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാൻഡ് റിപ്പോർട്ട്. സിപിഎം പ്രവ‍ർത്തകരായ കണ്ണനും അജുവും റിമാൻഡിലാണ്. ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോർട്ടിലില്ല.

ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചത്. 'എറിഞ്ഞു കൊല്ലെടാ അവൻമാരെ' എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേർന്ന് അക്രമം നടത്തുകയായിരുന്നു. കരിങ്കൽ കഷ്ണങ്ങൾ, ഇഷ്ടിക, സിമന്‍റ് കട്ടകൾ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ടി സംഘത്തിലെ അംഗങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ന്യായവിരോധമായി സംഘം ചേർന്നു - എന്ന പരാമർശം മാത്രമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലത്തെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. സിപിഎം പ്രവർത്തരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.