കെജ്‍രിവാള്‍ ഉള്‍പ്പെടെ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇനി അടുത്ത മാസം 25നാണ് കേസ് വീണ്ടും പരിഗണിക്കുക
ദില്ലി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതിയായ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കെജ്‍രിവാളും ഉള്‍പ്പെടെ ആകെ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
കേസ് ഇനി അടുത്ത മാസം 25നാണ് കോടതി പരിഗണിക്കുക. ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെജ്‍രിവാളിന്റെ ഔദ്യോഗിക വസതിയിലേക്ക് കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ്. ഇവിടെ വച്ചാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. അരവിന്ദ് കെജ്‍രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നതെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കെജ്‍രിവാളിനെയും സിസോദിയയെയും ഉള്‍പ്പെടെ പല ആം ആദ്മി നേതാക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കെജ്‍രിവാളിന്റെ വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
