എയര്‍ ഇന്ത്യ സാറ്റ്സിലെ ജോലി സ്ഥിരമാക്കാമെന്നും സ്ഥാനകയറ്റം നല്‍കാമെന്നും വാഗ്ദാനം നല്‍കി വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് മോശമായി പെരുമാറിയെന്നാണ് ജീവനക്കാരിയുടെ പരാതി. ഓഫീസിനുള്ളില്‍ വച്ചും പുറത്തുവച്ചും അശ്ലീല ചുവയോടു കൂടി നിരന്തരമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വാട്സ് ആപ്പും എസ്.എം.എസും വഴിയും ജീവനക്കാരിക്ക് മോശം സന്ദേശങ്ങളും അയച്ചിരുന്നു. പരാതി അന്വേഷിച്ച് നിജസ്ഥിത ബോധ്യപ്പെട്ട മ്യൂസിയം പൊലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ.‍ഡി വകുപ്പുകള്‍ പ്രകാരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 

സ്‌ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വീതം തടവും പിഴയും ശിക്ഷ ലഭിക്കും. മറ്റൊരു ജീവനക്കാരി നല്‍കിയ സമാനമായ പരാതിയിലും എയര്‍ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതിയുണ്ടാക്കിയെന്ന കേസിലും ബിനോയ് ജേക്കബിനെതിരെ അന്വേഷണം അവസാന ഘട്ടത്തിലാണ്. സാമ്പത്തിക ക്രമക്കേട് കേസില്‍ ബിനോയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണവും നടന്നിരുന്നു. എത്രയധികം ആരോപണങ്ങളുണ്ടായിട്ടും ബിനോയിക്കെതിരെ മാനേജ്മെന്റ് നടപടിയെടുക്കാത്തതില്‍ ജീവനക്കാരില്‍ അതൃപ്തി വ്യാപകമാണ്. കേസിലെ പരാതിക്കാരിയും സാക്ഷികളുമായി ജീവനക്കാരെ വൈസ് ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച് ഇപ്പോഴും പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം.