ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത സന്തോഷ് മാധവനെതിരെ സെറാഫിന്‍ എഡ്വിന്‍, ഇന്റര്‍‍ പോളിന് പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെയാണ് കൊച്ചി കേന്ദ്രീകരിച്ച് സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആശ്രമം നടത്തുന്നയാള്‍ സന്തോഷ് മാധവനാണെന്ന കാര്യം പുറത്തുവന്നത്. അന്ന് സമൂഹത്തിലെ ഉന്നതരുടെ ഇടയില്‍ വന്‍ സ്വാധീനമുള്ളയാളായിരുന്നു സ്വാമി അമൃത ചൈതന്യ. തുടര്‍ന്ന് സെറാഫിന്‍ നല്‍കിയ പരാതി അന്വേഷിച്ച കൊച്ചി പൊലീസ്, ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവരുന്നതായി കണ്ടെത്തി. സന്തോഷ് മാധവന്‍ തന്നെ പെണ്‍കുട്ടികള്‍ക്കായി ഇടപ്പള്ളിയില്‍ നടത്തിയിരുന്ന അനാഥാലയത്തിലെ കുട്ടികളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ കേസില്‍ സന്തോഷ് മാധവന്‍ ജയിലിലാണ്.

സാമ്പത്തിക തട്ടിപ്പ് കേസ് പിന്നീട് ക്രൈബ്രാ‌ഞ്ചിന് കൈമാറി. ക്രൈം ബ്രാ‍ഞ്ച് ഡി.വൈ.എസ്‌.പി പി.പി ഷംസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. ഈ കേസില്‍ സന്തോഷ് മാധവന് പുറമേ കിളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീനാണ് കൂട്ടുപ്രതി. ദുബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടല്‍ ഒരുമിച്ച് നടത്താമെന്ന് വാഗാദ്നം ചെയ്താണ് ഇരുവരും സെറാഫിനില്‍ നിന്ന് പല തവണയായി 50 ലക്ഷം രൂപ കൈപറ്റിയത്. പിന്നീട് കേരളത്തിലേക്ക് രക്ഷപ്പെട്ട സന്തോഷ് മാധവന്‍ സ്വാമിയുടെ വേഷം കെട്ടി നടക്കുകയായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് എറണാകളും, തൃശൂര്‍, ജില്ലകളില്‍ ഭൂമിയും ഫ്ലാറ്റും വാങ്ങിക്കൂട്ടിയിരുന്നു. ഇയാളുടെ ഭൂമി ഇടപാടുകളും പിന്നീട് വിവാദമായി. സര്‍ക്കാര്‍ ഇവ ഏറ്റെടുക്കുകയും ചെയ്തു.