കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2013ലായിരുന്നു പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്നും കോഴിക്കോട് സ്വദേശിയെ ആയുധങ്ങള്‍ സഹിതം നാട്ടുകാര്‍ പിടികൂടിയത്.
നാദാപുരം സ്വദേശി വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെയാണ് 2013 ഏപ്രില്‍ മൂന്നിന് രാത്രി എട്ടരമണിയോടെ നാട്ടുകാര്‍ പാണ്ട്യാലമുക്കിലെ വീടിന് സമീപത്ത് വെച്ച് പിടികൂടിയത്. എയര്‍ഗണും, കൊടുവാളുമായെത്തിയ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു.ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തില്‍ പിണറായി വിജയനെ കൊലപ്പെടുത്താനാണ് താനെത്തിയതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്.
ഇതിനായി കോഴിക്കോട് നടക്കാവിലെ കടയില്‍ നിന്ന് 8000 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. ഇത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ പരസ്പര വിരുദ്ധമായാണ് പ്രതി ആദ്യം ഘട്ടം മുതല്‍ മൊഴി നല്‍കിയത് അന്വഷണ സംഘത്തെ കുഴക്കിയിരുന്നു.
കെ.കെ രമ, ആര്‍എംപി നേതാവ് വേണു, രമയുടെ അച്ഛന്‍ മാധവന്‍ എന്നിവരടക്കം 125 സാക്ഷികളുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തലശശേരി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയലാണ് കുറ്റപത്രം നല്‍കിയത്. കേസ് പിന്നീട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയാക്കായി മാറ്റി.
