ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തപാൽ സമരം വില്ലനാവുന്നു പോസ്റ്റൽ വോട്ടുകൾ എങ്ങനെയത്തിക്കുമെന്ന കാര്യത്തിൽ ആശങ്ക 797 വോട്ടുകളാണ് പോസ്റ്റൽ വഴി വരേണ്ടത്

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ എങ്ങനെയെത്തുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം. തപാൽസമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ആകെയുള്ള 797 പോസ്റ്റൽ വോട്ടുകളിലെ അവ്യക്തത നിലനില്‍ക്കുന്നത്.

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളിൽ എത്തുന്ന വോട്ടുകളേ എണ്ണാൻ കഴിയൂ. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകൾ എണ്ണാൻ തുടങ്ങുന്നതിന് മുമ്പാണ് സാധ‌ാരണ പോസ്റ്റൽ വോട്ടുകൾ എണ്ണാറ്. എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 797 പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. പോസ്റ്റൽ സമരമ‌ാണ് വില്ലനായത്. പോസ്റ്റൽ വോട്ടുകൾ വോട്ടെണ്ണും മുമ്പ് എത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലം കാണുമെന്നുമറിയില്ല. നാ‌ല്‍പത് സർവ്വീസ് വോട്ടുകൾ ഇതിനകം തന്നെ തിരിച്ച് കിട്ടിയിട്ടുണ്ട്.

ശക്തമായ ത്രികോണ മൽസരം നടന്ന ചെങ്ങന്നൂരിൽ ചെറിയ വോട്ടിനാണ് ജയിക്കുന്നതെങ്കിൽ പിന്നീടത് വലിയ നിയമപോരാട്ടത്തിലേക്ക് പോകും എന്ന കാര്യം ഉറപ്പാണ്. ഇടിപിബിഎസ് സംവിധ‌ാനം വഴിയാണ് പോസ്റ്റൽ വോട്ടുകൾ അയച്ച് കൊടുത്തതെങ്കിലും അത് തിരിച്ച് വരേണ്ടത് പോസ്റ്റൽ വഴി തന്നെയാണ്. പോസ്റ്റൽ സമരം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പോസ്റ്റൽ വോട്ടിനെയും ബാധിച്ചു എന്ന് വ്യക്തം.