പ്രണയത്തില്‍ നിന്ന് പിന്മാറി;  വിദ്യാര്‍ഥിനിയെ നടുറോടില്‍ കുത്തിക്കൊന്നു 

ചെന്നൈ: കെ കെ നഗർ മീനാക്ഷികോളേജിലെ ബി കോം വിദ്യാർത്ഥിനിയായ അശ്വിനിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയെ കുത്തിയ മധുരവയല്‍ സ്വദേശി അഴകേശനെ നാട്ടുകാർ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. പിന്നീട് അശ്വിനി പ്രണയത്തില്‍ നിന്നും പിന്മാറുകയും ,അഴകേശനെതിരെ മധുരവയല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോളേജ് വിട്ട് വരികയായിരുന്ന അശ്വിനിയെ പ്രതി റോഡരികില്‍ വച്ച് അക്രമിക്കുകയായിരുന്നു.

ആശുപത്രിയിലെത്തും മുൻപേ അശ്വിനി മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അഴകേശനെ നാട്ടുകാർ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തില്‍ പരിക്കേറ്റ അഴകേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.