തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം വേണമെന്നത് സിപിഎമ്മിന്‍റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേണ്‍ഗ്രസുമായി ചേര്‍ന്നല്ലാതെ നോമിനേഷന്‍ പോലും കൊടുക്കാനാകാതെ ബംഗാളിലെ സിപിഎം മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ രൂപപ്പെട്ടുവരുന്നുണ്ട്. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള പാലമാണ് താനെന്നാണ്  ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് കുറയണമെന്ന ഇരുകൂട്ടരുടെയും ആഗ്രഹം ഒന്നിച്ച് ചേരുന്നതിന്‍റെ ഭാഗമായാണ് സഖ്യം രൂപപ്പെട്ട് വരുന്നത്. അതൊന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കേരള ജനത കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കും ഒപ്പം അണി നിരക്കുമെന്നതില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടുകള്‍ക്കൊന്നും കേരള ജനത ഒരു പ്രസക്തിയും നല്‍കുന്നില്ല. റാഫേലുപോലെ ലാവലിന്‍ അഴിമതിയും പ്രധാനപ്പെട്ടതാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫാലെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിന്‍ ആണ്. ലാവലിന്‍ കഴിഞ്ഞുപോയ ഒന്നല്ല, രണ്ടും അഴിമതിയാണ്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അഴിമതിക്കെതിരെ നിശ്ചയധാര്‍ഢ്യത്തോടെയുള്ള നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും ചെന്നിത്തല വ്യക്തമാക്കി. 

ബിജെപിയുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ വന്നിട്ടില്ല. സിപിഎമ്മാണ് കേരളത്തില്‍ പലയിടത്തും ബിജെപിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത്. തിരുവനന്തപുരം നഗരസഭയില്‍ ബജറ്റ് പാസാകണമെങ്കില്‍ കോണ്‍ഗ്രസ് വിചാരിക്കണം. കോര്‍പ്പറേഷനില്‍  ഭരണം നിലനിര്‍ത്തുന്നത് കോണ്‍ഗ്രസ് നിലപാട് കൊണ്ടാണ്. കള്ളപ്രചരണങ്ങള്‍ നടത്തുന്നത് സിപിഎമ്മാണ്. ബിജെപിയുമായുള്ള രഹസ്യധാരണ മറച്ചു വയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അത്തരം പ്രചാരണങ്ങളെന്നും ചെന്നിത്തല പറഞ്ഞു.