തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവരക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി ദുരൂഹവും അപഹാസ്യവുമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാനകാലത്തെടുത്ത തീരുമാനങ്ങൾ മറയാക്കി മന്ത്രിസഭായോഗ തീരുമാനങ്ങളെല്ലാം രഹസ്യമാക്കി വക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ എടുത്തത് വിവാദ തീരുമാനങ്ങളാണെങ്കിൽ അത് പിൻവലിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാൻ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
വിജിലൻസിലെ ടി ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് വിവരം നൽകുന്ന ആളിന്‍റെ സുരക്ഷ കൂടി മുൻ നിര്‍ത്തിയാണ് . വിമശനങ്ങളെ തുടര്‍ന്ന് പുനപരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. വിവരാവകാശ കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ നടപടിയിലൂടെ മുഖ്യമന്ത്രിയുടെ അവസരവാദ രാഷ്ട്രീയം പുറത്തായെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍റെ വമിര്‍ശനം. സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ ചോദിച്ചു.
