ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശരിയായെന്ന് ചെന്നിത്തല 

കോഴിക്കോട്: റഫാല്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റഫാൽ കരാർ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശരിയായെന്നും ചെന്നിത്തല പറഞ്ഞു. റഫാൽ ഇടപാടിൽ പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. 

2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് പ്രതിരോധ സെക്രട്ടറി അയച്ച കത്തിന്‍റെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്തോടെ റഫാല്‍ ഇടപാടിലെ വിവാദം വീണ്ടും കത്തിപ്പടരുകയാണ്. മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ച‌‌ർച്ചകൾ നടന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്.