തിരുവനന്തപുരം: ഭിന്നലിംഗക്കാരെ അധിഷേപിച്ച് സിപിഎം നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് ഭിന്നലിംഗക്കാരെ അധിഷേപിച്ചത്.

സ്വാമിയായാലും അച്ഛനായാലും ഉസ്താതായാലും പെണ്ണിനോട് കളി വേണ്ട. ഭിന്ന ലിംഗ പട്ടികയിലാകും എന്നായിരുന്നു പോസ്റ്റ്. പ്രസ്താവനക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതോടെ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് പിന്‍വലിച്ചു.


സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പ് നേരത്തെയും പ്രസ്താവനകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് നേരത്തേ ചെറിയാന്റെ കുറിപ്പ് വന്നത്. തദ്ദേശ ഭരണ തെരഞ്ഞെടിപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരവുമായി ബന്ധപ്പെടുത്തിയാണ് ചെറിയാന്‍ വനിത കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപകരമായിട്ടുള്ള പോസ്റ്റ് ഇട്ടത്.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിനെതിരെ വനിതാ സംഘടനകളടക്കം സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.