കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസ് പ്രതികള്‍ ആറ് പേരും കുറ്റക്കാരാണെന്ന് കോടതി

ആലപ്പുഴ: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കോണ്‍സ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെ.എസ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയ കേസ്സിലാണ് ആലപ്പുഴ ജില്ലാ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സി പിഎം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

അന്നത്തെ ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ആര്‍. ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പോലീസ് കേസ്സെടുത്തു. പന്നീട് ആര്‍. ബൈജുവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. ഈ കേസ്സിന്റെ വിചാരണക്കിടെ ജില്ലാ കോടതിയിലെത്തിയ ബൈജുവിനെ രണ്ടാഴ്ച മുമ്പ് മറ്റൊരു കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവാകരന്‍ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 21 ന് പ്രഖ്യാപിക്കും.