റായ്‌പൂര്‍: ബിജെപി മന്ത്രിയുടേത് എന്നാരോപിക്കുന്ന ലൈംഗിക സിഡി വിവാദത്തെക്കുറിച്ച് ഛത്തിസ്ഗഢ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.റായ്‌പൂരില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ലൈംഗിക സിഡിവിവാദത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന‍് തീരുമാനിച്ചത്. ആരാണ് സിഡി നിര്‍മിച്ചത്, പണം മുടക്കിയത് ആരാണ്, എവിടെ വെച്ച് സിഡി നിര്‍മിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ സിബിഐ അന്വേഷിക്കും.

സിഡിയിലുള്ളത് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനോത് ആണെന്ന് കേസില്‍ അറസ്റ്റിലായ വിനേദ് വര്‍മ വെളിപ്പെടുത്തിയിരുന്നു. സിഡി വ്യാജമാണെന്നും പാര്‍ട്ടിയേയും സര്‍ക്കാരിനെയും തര്‍ക്കാന്‍ നടത്തിയ ക്രിമിനല്‍ ഗുഢാലോചനയുടെ ഭാഗമാണ് സിഡി വിവാദം എന്നുമാണ് ബിജെപിയുടെ ആരോപണം. ഛത്തിസ്ഗഢ് കോണ്‍ഗ്രസ് പ്രസി‍ഡന്റ് ഭൂപേഷ് ബാഗല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും പാര്‍ട്ടി പറയുന്നു.

ആറ് കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുകയെന്ന് വിവാദത്തിലുള്‍പ്പെട്ട മന്ത്രി രാജേഷ് മുനോത് പറഞ്ഞു. പത്രപ്രവര്‍ത്തകന്‍ വിനോദ് വര്‍മ ഇപ്പോള്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് വിനോദ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടെ മന്ത്രി രാജേഷ് മുനോതിന്റെ രാജി ആവശ്യപ്പെട്ട് റായ്‌പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.