ദില്ലി:ഐഎൻഎക്സ് മീഡിയ കേസിൽ മുൻ മന്ത്രി പി.ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തിന്റെ ജാമ്യഹ‌‍‌‍‌ർജി ദില്ലി ഹൈക്കോടതി തള്ളി. 
കേസിൽ പി.ചിദംബരം  ഒക്ടോബര്‍ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിടണമെന്നും ഉള്ള സിബിഐ ആവശ്യം അം​ഗീകരിച്ച് ഈ മാസം 19ന് ദില്ലി ഹൈക്കോടതി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

കഴിഞ്ഞ മാസം അഞ്ചിനാണ് പി.ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.ഐ.എൻ.എക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യം സുപ്രീംകോടതിയും തള്ളിയിരുന്നു. എന്നാൽ ഇതുവരെ ഇ.ഡി ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായിട്ടില്ല. തീഹാര് ജയിലിലേക്ക് അയക്കാതെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിടണമെന്ന ചിദംബരത്തിന്‍റെ ആവശ്യവും സിബിഐ കോടതി തള്ളിയിരുന്നു. നിലവിൽ തീഹാറിലെ ജയിലിൽ തടവിൽ കഴിയുകയാണ് ചിദംബരം.