മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി ആസൂത്രിത അക്രമം നടത്തുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. രാഷ്‌ട്രീയ കൊലപാതകത്തിലൂടെ കോഴയില്‍ നിന്ന് ബിജെപിയെ സിപിഎം രക്ഷിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ സ്തംഭിച്ചു. ഇതിനിടെ കോഴക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസയച്ചു.


രാഷ്‌ട്രീയ കൊലപാതകത്തെ ചൊല്ലി രാഷ്‌ട്രീയ ഏറ്റുമുട്ടലിന്റെ വേദിയായി നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനം.

പൊലീസ് മാത്രം വിചാരിച്ചാല്‍ പോരെ ബന്ധപ്പെട്ട കക്ഷികളും സഹകരിച്ചാലേ സമാധാനമുണ്ടാക്കാനാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്നമെന്ന് ആരോപണം അദ്ദേഹം തള്ളി. കടുത്ത പ്രതിസന്ധിയിലായ ബിജെപി സംസ്ഥാന ഘടകത്തെ സി.പി.എം രക്ഷിച്ചെടുത്തുവെന്നാണ് യുഡിഎഫിന‍്റെ വിമര്‍ശനം .രാഷ്‌ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നിലെ സിപിഎമ്മിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന് ആരോപണത്തിലാണ് പ്രതിപക്ഷം ഊന്നിയത്.

ബിജെപിയെ ആളാക്കി നിര്‍ത്തി സിപിഎം എതിര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നുവെന്ന രാഷ്‌ട്രീയ പ്രചരണമാണ് സഭാ തലത്തില്‍ നിന്ന് പ്രതിപക്ഷം തുടങ്ങിയത്. പരസ്‌പരം പാലൂട്ടുന്ന ശത്രുക്കളെന്ന് സിപിഎമ്മിനെയും ബിജെപിയെയും പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്.

പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ ബിജെപിയും കേരള കോണ്‍ഗ്രസ് എമ്മും നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനത്തിന്‍റെ ചോദ്യം. ചോദ്യോത്തര വേളയില്‍ മെഡിക്കല്‍ കോഴയില്‍ സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടു

മെഡിക്കല്‍ കോഴയിലെ ഇടനിലക്കാരന്‍ സതീശ് നായരെ ഈ മാസം 24 ന് ചോദ്യം ചെയ്യും. ഈ മാസം പത്തിന് ഹാജരാകാന്‍ കുമ്മനത്തോടും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാകമെന്നാണ് കുമ്മനം വിജിലന്‍സിന് അറിയിച്ചിരിക്കുന്നത്. ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശനും എകെ നസീറും നാളെ വിജിലന്‍സിന് മുമ്പാകെ ഹാജരാകും.