തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിര്‍ദ്ദേശം
തിരുവനന്തപുരം: മലപ്പുറം എടപ്പാള് പീഡനക്കേസിൽ തെളിവുകള് നൽകിയ തിയേറ്റര് ഉടമയെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേസെടുക്കാൻ വൈകിയ എസ്ഐയെ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ്പി പ്രതീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഡയറക്ടർ ജനറൽ പ്രോസിക്യൂഷനോട് ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. തൃശൂർ റെയ്ഞ്ച് ഐജിയോടും ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടു. തിയേറ്ററിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച വിവരം സിസിടിവി ദൃശ്യങ്ങളിലൂടെ അറിഞ്ഞിട്ടും പൊലീസിന് വിവരം കൈമാറാൻ താമസിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
