വിജിലന്‍സ് ഡയറക്ടറുടെ ഫോണും മെയിലും ചോര്‍ത്തുന്നെന്ന പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രം മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇതിന് മറുപടി പറഞ്ഞത്. അസുഖം കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഭയില്‍ നിന്ന് വിട്ടുനിന്നിരുന്ന മുഖ്യമന്ത്രി ഇന്ന് സഭയിലെത്തിയിരുന്നു. തന്റെ മെയിലും ഫോണും ചോര്‍ത്തുന്നെന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇങ്ങനെയൊരു വാര്‍ത്ത ചില മാധ്യമങ്ങളില്‍ വന്നുവെന്ന് കാണിച്ചാണ് അദ്ദേഹം കത്ത് നല്‍കിയത്. അക്കാര്യം പരിശോധിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഇക്കാര്യം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് മറുപടിയായി, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞത്. മറ്റുചില ആഗ്രഹങ്ങളായിരുന്നു ജേക്കബ് തോമസ് അറിയിച്ചത്. എന്നാല്‍ ജേക്കബ് തോമസ് തന്നെ വിജിലന്‍സ് മേധാവിയായി തുടരണമെന്നാണ് സര്‍ക്കാറിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല നിലയില്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്ന ഉദ്ദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണം നേരിടുന്ന ആരെങ്കിലും ആയിരിക്കും സമ്മര്‍ദ്ദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡിജിപി റാങ്കിലുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥനെ എങ്ങനെയാണ് അന്വേഷണം നേരിടുന്നവര്‍ക്ക് സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്നതെന്ന് ചോദിച്ച ചെന്നിത്തല, ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം പോര, കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.