സോഷ്യൽ മീഡിയയുടെ ബെല്ലും ബ്രേക്കുമില്ലാത്ത ഉപയോഗം കുട്ടികളേയും കൗമാരക്കാരേയും കുറ്റവാളികളാക്കുന്നു. 85 ശതമാനം കേസുകളും രജിസ്റ്റർ ചെയ്യാതിരിന്നിട്ടും കുട്ടി സൈബർ കുറ്റവാളികളുടെ എണ്ണത്തിൽ 75 ശതമാനത്തിലേറെ വർദ്ധനവാണ് ഈ വർഷം ഉണ്ടായത്. വാട്സാപ്പ് ഗ്രൂപ്പ് കളിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും നിയമവിരുദ്ധമായി പ്രചരിക്കുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും കുട്ടികളിൽ കടുത്ത മാനസിക പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു.

പതിനാലു വയസ്സുകാരൻ 10 വയസ്സുകാരിക്ക് അശ്ലീല സന്ദേശമയച്ചു. മധ്യതിരുവിതാംകൂറിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ദിവസങ്ങൾക്ക് മുൻപ് കിട്ടിയ പരാതിയാണ്. ഇതില്‍ നിന്നാണ് കുട്ടികൾ ഉൾപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പറയാനുണ്ടായിരുന്നത്. ദിവസേനയെന്നോണം കിട്ടുന്ന കുട്ടികളുടെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികൾ. ഫോട്ടോ ദുരുപയോഗവും ബ്ലാക്ക് മെയിലിംഗും തുടങ്ങി ഇതരസംസ്ഥാനക്കാരുടെ ഐ ടി കാർഡ് ഉപയോഗിച്ച് സിംകാർഡ് എടുത്തുവരെ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന കുട്ടികൾ.

സ്ഥിതി ഏറെ ഗുരുതരമാണെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

കേസിലുൾപ്പെട്ട കൗമാരക്കാരേയും ഞങ്ങൾ കണ്ടു.

സൈബർ ഇടങ്ങളിലെ കുട്ടികുറ്റവാളികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 75 ശതമാനം വർദ്ധനവുണ്ടെയെന്നാണ് പൊലീസിന്റെ കണക്ക്. 85 ശതമാനം കേസുകളും ശാസനയിലൊതുക്കുന്പോഴാണ് ഇങ്ങനെയുള്ള അവസ്ഥ.

പതിനെട്ടിലറിയേണ്ടത് പത്തിലേ അറിയുന്നു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് ഒരു ടീച്ചറുടെ വാക്കുകളാണ്. സോഷ്യൽ മീഡിയകൾ വഴി അശ്ലീല രംഗങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി കുറ്റമാണ്. പക്ഷേ നി‍ർബാധം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഇന്റർനെറ്റിലൂടെയും ബലാത്സംഗങ്ങളുടെയും ലൈംഗിക വൈകൃതങ്ങളുടെയുമുൾപ്പടെ ദൃശ്യങ്ങൾ കുട്ടികളിലേക്കെത്തുന്നു.

കുരുന്നുകളിൽ സ്വഭാവ വൈകല്യങ്ങളിൽ തുടങ്ങി മാനോരോഗങ്ങൾക്ക് വരെ ഇത് കാരണമാകുന്നു.

സ്കൈപ്പ് , ഐഎംഒ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയുള്ള ലൈവ് സെക്സ് ചാറ്റിംഗിൽ വരെ കുട്ടികൾ ഏർപ്പെടുന്നുണ്ടെന്നാണ് കുട്ടികളിലെ മനോവൈകല്യങ്ങൾ ചികിത്സിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.