കൊച്ചി: എറണാകുളം വല്ലാർപ്പാടത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. അതേസമയം ഇയാൾ നാട് വിട്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെന്നും പോലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് സ്കൂളിലെത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠിയുടെ പിതാവ് പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വിവരം കുട്ടി പോലീസിനോട് വെളിപ്പെടുത്തിയതോടെ കേസടുത്തു. വിവരം അറിഞ്ഞ കേസിലെ പ്രതിപനമ്പുകാട് സ്വദേശി ഷഗ്ഗി ഒളിവിൽ പോയി. സിപിഎം വല്ലാർപാടം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

പക്ഷേ മൂന്നാഴ്ചയായിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിയാത്തത് രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞതിന്റെ മനോവേദനയിൽ നിന്നും കുടുംബം ഇതുവരെ കരകയറിയിട്ടില്ല. ഇതിനിടെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ബന്ധുക്കളും ഈ കുടുംബത്തെ സമീപിച്ചിരുന്നു. പ്രതിയും സംഘവും മദ്യപിക്കാൻ ഒത്തുകൂടിയിരുന്ന കായലോരത്തെ ഷെഡ് പൊളിച്ച് മാറ്റണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നു.

അതേസമയം ബാലപീഡനകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വല്ലാർപ്പാടം ജംഗ്ഷനിൽ ഉപവാസസമരം ഇരിക്കാനാണ് സ്കൂൾ പിടിഎയുടെ തീരുമാനം. ഉപരോധസമരം നടത്താൻ ജനകീയ സമിതിയും തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഒളിവിലാണെന്നും ഇയാ(ക്കായി തെരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറയുന്നു.