കോഴിക്കോട്: സാമൂഹിക ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് സംരക്ഷണ കേന്ദ്രത്തിലെ കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നു. സീനിയർ വിദ്യാർത്ഥികൾ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപകന്‍ തന്നെ വെളിപ്പെടുത്തുന്നു. ഇതിനോടകം നിരവധി പരാതികളുയര്‍ന്ന വെള്ളിമാടുകുന്നിലെ ഈ കേന്ദ്രത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലേക്ക്.

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സംരക്ഷണ കേന്ദ്രങ്ങളാണ് വെള്ളിമാടുകുന്നിലെ ഈ വളപ്പില്‍ പ്രവര്‍ത്തിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നത് അത്ര ആശ്വാസ്യകരമായ വാര്‍ത്തകളല്ല.കൂടുതല്‍ പരാതികളുയരുന്നത് ആണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തെ കുറിച്ചാണ്.
അഭയം തേടിയെത്തുന്ന കുട്ടികള്‍ ലൈഗിംക ചൂഷണത്തിനിരയാകുന്നു. ഈ പരാതിയെ കുറിച്ചന്വേഷിക്കാനാണ് ഞങ്ങള്‍ ഇവിടെയത്തുന്നത്. വിശദവിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് അധ്യാപകന്‍ തന്നെ ചൂഷണകഥകള്‍ വിവരിച്ചത്.
അഞ്ചു മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.ജുവനൈല്‍ കേസുകളില്‍ പെട്ടവരേയും മറ്റ് കുട്ടികള്‍ക്കൊപ്പമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് മറ്റ് കുട്ടികള്‍ പരാതിപ്പെടുന്നു.
ഷെൽറ്റർ ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിലെ പ്രതി ഇവിടെ ഇപ്പോഴും ജീവനക്കാരനായി തുടരുന്നുവെന്നത് മറ്റൊരു വൈരുധ്യം. കേസ് പുറത്തുനടക്കുമ്പോഴും സാമൂഹ്യക്ഷേമവകുപ്പ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഷെൽട്ടർ ഹോമിന്‍റെ വളപ്പിൽ തന്നെ പ്രവർത്തിക്കുന്ന ജുവനൈൽ ഹോമിലോ കെയർ ടേക്കറോടോ പ്രശ്നങ്ങൾ തുറന്നു പറയാൻ കുട്ടികൾ ഭയക്കുന്നുണ്ട്. പരാതിപറയുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാറാണ് പതിവെന്ന് കുട്ടികള്‍ രഹസ്യമായി പറയുന്നു. കുട്ടികൾക്കായി കൗൺസിലിങ്ങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇവയൊന്നും ഫലവത്താകാറില്ല എന്നതാണ് സത്യം.
