Asianet News MalayalamAsianet News Malayalam

വാളകം ബ്രൈറ്റ് സ്കൂൾ അധ്യാപകരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ കുട്ടികൾ തട‌ഞ്ഞു; കേസെടുത്ത് പൊലീസ്

കുട്ടിയുടെ പഠനം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അമ്മയോട് സ്കൂൾ പ്രിൻസിപ്പൽ ജോർജ്ജും പ്രധാനാദ്ധ്യാപിക ലീമയും ആക്രോശിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

children blocked police who came to arrest valakam bright school teachers
Author
Valakom, First Published Feb 5, 2019, 11:36 PM IST

വാളകം: മൂവാറ്റുപുഴ വാളകത്തെ ബ്രൈറ്റ് സ്കൂളിലെ അധ്യാപകരെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് കുട്ടികൾ. കുട്ടികളെ ഇറക്കി പ്രതിഷേധം സംഘടിപ്പിച്ചതിന് സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. 

കുട്ടിയുടെ പഠനം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അമ്മയോട് സ്കൂൾ പ്രിൻസിപ്പൽ ജോർജ്ജും പ്രധാനാദ്ധ്യാപിക ലീമയും ആക്രോശിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് അവശനിലയിലായ കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നു. അവർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി തുടങ്ങിയത്. 

പോലീസിനു പുറമേ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയിൽ കേസെടുത്ത പോലീസ് അദ്ധ്യാപകരെ അറസ്റ്റു ചെയ്യാനെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതേത്തുടർന്ന് പൊലീസിന് പിൻവാങ്ങേണ്ടി വന്നു.

ഇതിനിടെ കുട്ടികളെ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകപ്രചാരണവും സ്കൂൾ നടത്തുന്നുണ്ട്. അദ്ധ്യാപകർക്ക് അനുകൂലമായി ഒരു വിഭാഗം കുട്ടികളെക്കൊണ്ട് സംസാരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

എന്നാൽ പ്രധാനാദ്ധ്യാപകൻ ഉൾപ്പെടുന്ന മാനേജ്മെന്‍റിലെ തർക്കങ്ങളാണ് പ്രശ്നകാരണമെന്നാണ് പിടിഎ അംഗങ്ങളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. കുട്ടികളുടെ ഭാവി കളയരുതെന്നും ഇവർ ആവശ്യപ്പെടുന്നു. 

ശിശുക്ഷേമസമിതി ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു. ഇതിന് പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി കുട്ടികളെ ഇറക്കിയതിനെതിരെ ബോധവൽക്കരണവും നടത്തി. ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള കേസായതിനാൽ അദ്ധ്യാപകരെ അറസ്റ്റു ചെയ്യേണ്ടതുണ്ടെന്നും അവരുടെ ജാമ്യ നീക്കത്തിൽ തീരുമാനമറിഞ്ഞ് തുടർനടപടികളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios