ഹെനാനിലെ പ്രമുഖ സ്കൂളായ ലിന്‍സൊ മിഡില്‍ സ്കൂളിലാണ് കഴിഞ്ഞ ദിവസത്തെ ഇംഗ്ലീഷ്, കണക്ക്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ചൈനീസ് പരീക്ഷകള്‍ തുറസ്സായ കളിസ്ഥലത്ത് വെച്ച് നടത്തിയത്. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ പലയിടത്തും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും കുട്ടികളെ വീടിന് പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയികരിക്കുകയുമാണ് ഇപ്പോള്‍. ഇതിനിടെയാണ് തുറസ്സായ സ്ഥലത്ത് പുകയ്ക്ക് നടുവില്‍ മാസ്ക് പോലും ധരിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ നിരന്നിരുന്ന് പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

തുടര്‍ന്ന് ലിന്‍സോയിലെ വിദ്യാഭ്യാസ-കായിക ബ്യൂറോ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും സ്കൂള്‍ ഹെഡ്മാസ്റ്ററെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.  മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഫാക്ടറികള്‍ ഒരു അറിയിപ്പ് കിട്ടുന്നത് വരെ അടച്ചിടാനും റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.