ബീജിങ്: അരുണാചല്‍ പ്രദേശില്‍ അവകാശവാദമുന്നയിച്ച് വീണ്ടും ചൈന. അരുണാചലിലെ ജനങ്ങള്‍ ചൈനയിലേക്കുള്ള മടക്കം ആഗ്രഹിക്കുകയാണെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രത്തില്‍ പറയുന്നു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം അതിര്‍ത്തിപ്രശ്‌നം രൂക്ഷമാക്കുമെന്നും ചൈന കുറ്റപ്പെടുത്തുന്നു.

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ആദ്യം മുതലേ ചൈന എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് ചൈനീസ് ഡെയ് ലിയിലെ ലേഖനവും, ദക്ഷിണ തിബറ്റ് എന്ന വിളിപ്പേരുള്ള തവാങ്ങ് സന്ദര്‍ശിക്കാനുളള ലാമയുടെ തീരുമാനവും
അതിന് ഇന്ത്യ നല്‍കുന്ന പിന്തുണയുമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ലാമയുടെ സന്ദര്‍ശനം ഇന്ത്യയുമായുളള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനെ ദോഷകരമായി ബാധിക്കും. മേഖലയിലെ സമാധാനം നശിപ്പിക്കാനാണ് ലാമയുടെ ശ്രമം. അരുണാചലില്‍ സമാധാനം പുലരണമെങ്കില്‍ ഇരു രാജ്യങ്ങളുടേയും ജനങ്ങളുടെ മനശക്തി ആവശ്യമാണ്. എന്നാല്‍ ലാമയുടെ സന്ദര്‍ശനം ആര്‍ക്കും ഉപകാരപ്പെടാത്തതാണ്. മേഖലയില്‍ ചൈനയുടെ പരമാധികാരം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യയുടെ അനധികൃത ഭരണത്തിന് കീഴില്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടും വിവേചനവും അനുഭവിക്കുകയാണ്. അതിനാല്‍ അവര്‍ ചൈനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു. താന്‍ ഇന്ത്യയുടെ പുത്രനാണെന്ന് ആവര്‍ത്തിക്കുന്ന ദലൈലാമ
അരുണാചലിനെ ഇന്ത്യയുടെ ഭാഗമാക്കി നിര്‍ത്തുവാനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് ഡെയ്‌ലി ചൂണ്ടിക്കാട്ടുന്നു. ഒമ്പത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലാമ അരുണാചലില്‍ എത്തിയത്.