Asianet News MalayalamAsianet News Malayalam

അടിയന്തര സഹായത്തിന് ഹെലികോപ്റ്ററില്ല; കേരളാ തീരത്ത് കപ്പലില്‍ ചൈനക്കാരന് ദാരുണാന്ത്യം

chinese ciizen dies in ship near kerala cost
Author
First Published Jan 26, 2018, 10:47 AM IST

തിരുവനന്തപുരം: അടിയന്തര സഹായത്തിനായി ഹെലി‍കോപ്റ്റര്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേരള തീരത്ത് കപ്പലില്‍ വെച്ച് ചൈനക്കാരന് ദാരുണാന്ത്യം. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തീരത്ത് എത്തിച്ചത് ഒന്‍പത് മണിക്കൂറിനു ശേഷം. ഹെലികോപ്റ്റര്‍ സംവിധാനം ഉപയോഗിച്ചു രണ്ട് മണികൂര്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥാനത്ത് ഒന്‍പത് മണികൂറെടുത്ത് ബോട്ടിലാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. 

വ്യാഴാഴ്ച്ച രാവിലെ 8.40നാണ് വിവിയന്‍ ഓഷ്യന്‍ എന്ന ചൈനീസ് ചരക്കു കപ്പലിലെ ജീവനക്കാരനും ചൈനീസ് വംശജനുമായ യൂഷിയാങ്(37)നു കപ്പലില്‍ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ച്ചയുടെ ആഘാതത്തില്‍ യൂഷിയാങിന്റെ ബോധം നഷ്‌ടപ്പെട്ടു. തൂത്തുക്കുടിയില്‍ നിന്നും കണ്ഡല തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പല്‍ ഈ സമയത്ത് വിഴിഞ്ഞം തീരത്ത് നിന്നും 29 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയായിരുന്നുവെന്നാണ് വിവരം. കപ്പലില്‍ നിന്നും 'മെഡിക്കല്‍ ഇവാക്വേഷന്‍' സന്ദേശം ഇന്ത്യന്‍ കോസ്റ്റ് ഗര്‍ഡിന് കൈമാറി. അതീവ ഗുരുതരമായി പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ തീരത്ത് എത്തിക്കുന്നതിന് പകരം 11.30ഓടെ വിഴിഞ്ഞത്ത് നിന്നും സി-427 ബോട്ടിനെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കപ്പലില്‍ നിന്നും പരിക്കേറ്റ യുവാവുമായി കോസ്റ്റ് ഗാര്‍ഡ് ബോട്ട് വിഴിഞ്ഞം പുതിയ വാര്‍ഫില്‍ എത്തിയത്. 108 ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘം അവിടെ സജ്ജമായിരുന്നെങ്കിലും തീരത്തെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം.
 
സഹപ്രവര്‍ത്തകനായ മറ്റൊരാളും കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍ വിഴിഞ്ഞത്തെത്തി. യഥാസമയം വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു. നാവിക സേനയുടെ സഹായത്തല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു രണ്ടുമണിക്കൂര്‍ കൊണ്ടു തന്നെ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇതിനായി തിരുവനന്തപുരത്ത് വേണ്ട സംവിധാനങ്ങളില്ല. എങ്കിലും സോളൂരില്‍ നിന്ന് 45 മിനിറ്റ് കൊണ്ട് ഹെലികോപ്റ്റര്‍ എത്തിച്ചു രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് അറിയുന്നത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സംവിധാനം ലഭിക്കാന്‍ കടമ്പകള്‍ ഏറെയെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. വിവരം ലഭിച്ച ഉടന്‍ തന്നെ വിഴിഞ്ഞത്ത് നിന്നും ബോട്ട് അയച്ചതായും ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് സ്ഥലങ്ങള്‍ സംബന്ധിച്ച അവ്യക്തതകളുണ്ടായിരുന്നതിനാലാണ് കാലതാമസം ഉണ്ടായതെന്നുമാണ് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറയുന്നത്.

കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ ജോര്‍ജ് ബേബി ഉള്‍പ്പടെയുള്ള  ഉദ്യോഗസ്ഥരുടെ സംഘവും വിഴിഞ്ഞം എസ്.ഐ രതീഷ, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios