ബീജിങ്: നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യ വളര്‍ച്ചയില്‍ പിന്നോട്ടുപോയതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ചൈനീസ് പത്രം. ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയെ തളര്‍ത്തിയതിന് മോദിക്ക് നന്ദി പറഞ്ഞത്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞെന്ന ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടിലാണ് മോദിയെ പ്രശംസിച്ചിരിക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം 2017 സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.1 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് ആയിരുന്നു ഇത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ഗ്ലോബല്‍ ടൈംസ്, ഇന്ത്യയുടെ തളര്‍ച്ചയ്‌ക്ക് കാരണക്കാരനായി നരേന്ദ്രമോദിയെയാണ് അവതരിപ്പിക്കുന്നത്. അതിവേഗം വളരുന്ന സാമ്പത്തികശക്തി എന്ന പദവി ഇന്ത്യയില്‍നിന്ന് ചൈന തിരിച്ചുപിടിച്ചതാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം.

ആനയും വ്യാളിയും(ഇന്ത്യയും ചൈനയും) തമ്മിലുള്ള പോരാട്ടത്തില്‍ ആന തളര്‍ന്നുപോയിരിക്കുന്നുവെന്ന് ഗ്ലോബല്‍ ടൈംസിലെ പ്രമുഖ സാമ്പത്തികകാര്യ ലേഖകന്‍ സിയാവോ സിന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനമാണ് സാമ്പത്തികവളര്‍ച്ചാനിരക്കില്‍ ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇന്ത്യപോലെ വിശാലമായ സാമ്പത്തിക വ്യവസ്ഥിതിയുള്ള രാജ്യത്ത്, അശ്രദ്ധമായും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും വരുത്തിയ പരിഷ്‌ക്കരണമാണ് തിരിച്ചടിയായത്. നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് 2016 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.5 ആയിരുന്നു. ഇത് ചൈനയേക്കാള്‍ കൂടുതലായിരുന്നു. ലോകത്തെ ഏറ്റവും സാമ്പത്തികവളര്‍ച്ചയുള്ള രാജ്യം എന്ന നേട്ടവും അന്ന് ഇന്ത്യയ്‌ക്ക് സ്വന്തമായിരുന്നു.