അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച് യുവജന കമ്മീഷൻ ചെയർ‌പേഴ്സൺ ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ. എറണാകുളം മഹാരാജാസ് കേളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവം ആണെന്നായിരുന്നു ചിന്തയുടെ പോസ്റ്റ്. ചിന്തയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം അനുഭാവികള്‍ തന്നെ രംഗത്തെത്തി. 

'പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്'- ചിന്ത കുറിച്ചു. ചിന്തയുടെ ഈ ചിന്ത തെറ്റെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്തത്.

"90000 രൂപ ശമ്പളവും, കാറും, AC റൂമും,സെക്യൂരിറ്റിയും, ഒക്കെ ആയപ്പോൾ Chintha Jerome ആള് ആകെ അങ്ങട് മാറിപ്പോയി അല്ലെ.... ഉളുപ്പുണ്ടോ ഇതിനെ ഒറ്റപ്പെട്ട സംഭവം ആക്കി തീർക്കാൻ.SFI പ്രസ്ഥാനത്തെ ചിന്ത മറന്നെന്ന് തന്നെയാണ് ഈ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്" എന്നായിരുന്നു ഒരു എസ്എഫ്ഐ അനുഭാവിയുടെ കമന്‍റ്. 

"എന്താ സഖാവെ,കൊന്നത് SDPI എന്ന തീവ്രവാദ പാര്‍ട്ടിയാണെന്നു പറയാന്‍ നിങ്ങള്‍ക്കിത്ര മടി.." എന്നായിരുന്നു മറ്റൊരു അനുഭാവുയുടെ ചോദ്യം. ഇത്തരത്തില്‍ നിരവധി കമന്‍റുകളാണ് ചിന്തയുടെ പോസ്റ്റിന് ലഭിച്ചത്. 

ചിന്തയുടെ പോസ്റ്റ് ഇങ്ങനെ

സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളിൽ ഉണ്ടാകേണ്ടത്.പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.
പ്രിയപ്പെട്ട സഹോദരാ......
ഹൃദയം നീറുന്നു......