അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലി സിബിഐ കോടതി പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചില്ല. 

ദില്ലി: അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലി സിബിഐ കോടതി പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ 14 ദിവസത്തോളം സിബിഐ മിഷേലിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന ഈ സാഹചര്യത്തിലാണ് സിബിഐ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ കസ്റ്റഡി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയും പിന്നീട് പരിഗണിക്കാൻ കോടതി മാറ്റിവെച്ചു. ഡിസംബര്‍ 28വരെയാണ് മിഷേലിനെ റിമാന്‍റ് ചെയ്തത്. കേസ് വീണ്ടും ഡിസംബര്‍ 29ന് പരിഗണിക്കും. മിഷേലിനെ ദില്ലി പൊലീസ് തീഹാര്‍ ജയിലിലേക്ക് മാറ്റി. തീഹാര്‍ ജയിലിൽ വിദേശിക്ക് വേണ്ട സൗകര്യം ഉറപ്പാക്കണമെന്ന് മിഷേലിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അതേസമയം മിഷേലിന്‍റെ ജാമ്യാപേക്ഷയിൽ ഡിസംബര്‍ 22ന് കോടതി വിധി പറയും.

അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്ത്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.