കോഴിക്കോട്: ക്രിസ്മസിന് വീട്ടിലെത്താന്‍ പുറപ്പെട്ട പലരേയും താമരശേരി ചുരം വട്ടം കറക്കി. ചുരത്തില്‍ കുരുക്കിയതോടെ പലരുടെയും പാതിരാ കുര്‍ബാന വാഹനങ്ങളിലായി. പൂര്‍ണമായും തകര്‍ന്ന ചുരം റോഡിലൂടെ വാഹനങ്ങളുടെ എണ്ണവും പെരുകിയതോടെ നാലും അഞ്ചും മണിക്കൂറെടുക്കും ചുരം കടന്നുകാട്ടാന്‍. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ ലോറിയും സ്‌കാനിയാ ബസും ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ കുടുങ്ങുന്നതോടെ വീണ്ടും പലരുടേയും കാത്തിരുപ്പ് നീണ്ടു. ചുരത്തിലെ ഒന്‍പതാം വളവൊഴുകെ മിക്ക വളവുകളിലും തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ നിരങ്ങി നിരങ്ങിയാണ് നീങ്ങുന്നത്. ക്രിസ്മസ് അവധികാലമായതോടെ ദേശീയപാത 66 ല്‍ വാഹനങ്ങളുടെ ആധിക്യമാണ്. മൈസൂര്‍, ബംഗളൂരു, ഊട്ടി തുടങ്ങിയ ഇതര സംസ്ഥാന വാഹനങ്ങള്‍ ധാരാളം പോകുന്നതും ഈ വഴിയാണ്. 

ഇതിന് പുറമെ സ്‌കാനിയ ബസുകള്‍ക്കൊപ്പം മറ്റ് ലക്ഷ്വറി വാഹനങ്ങളും ധാരാളമായി ഇതിലൂടെ ഓടുന്നുണ്ട്. അടിവാരത്ത് നിന്നും ലക്കിടിവരെയുള്ള 15 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടി വരുന്ന മണിക്കൂറുകളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. മാസത്തിലേറെയായി താമരശേരി ചുരം റോഡ് തകരാന്‍ തുടങ്ങിയിട്ട്. കുഴിയില്‍ പാറപ്പൊടിയും ക്വാറി വേസ്റ്റും മറ്റുമിട്ട് നികത്തിയെങ്കിലും അതെല്ലാം മണിക്കൂറുകള്‍ക്കകം ഇളകി പഴയപടിയായി. 

പകല്‍ സമയത്തെ വെയിലില്‍ റോഡിലെ പാറപൊടി, പൊടിശല്യമുണ്ടാക്കുകയാണ്. അമിത ഭാരം കയറ്റിയ ലോറികള്‍ക്ക് ചുരത്തില്‍ നിരോധന മുണ്ടെങ്കിലും ഇതൊന്നും കണക്കാക്കാതെ ലോറികള്‍ ഓടുന്നുണ്ട്. ഇത്തരത്തില്‍ മൂന്ന് ലോറികള്‍ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു. ചുരം റോഡിന്റെ അറ്റകുറ്റപണിയ്ക്ക് ടെണ്ടര്‍ ആയെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.