തിരുവനന്തപുരം: ആരോരുമില്ലാതെ തെരുവിൽ നിന്ന് ഒരു കൂരയ്ക്ക് കീഴിൽ അഭയം തേടിയ ഒരു കൂട്ടം അമ്മമാർക്കും അച്ഛന്മാർക്കും ഒപ്പം ക്രിസ്മസ് ആഘോഷിച്ച് ശാന്തി സമിതി. കൂട്ടിന് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിലെ അന്ധ ഗായക സംഘവും. 

 "ജിംഗിൽ ബെൽ, ജിംഗിൽ ബെൽ...."ഗാനം ആലപിച്ച് സംഘം അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാന നഗരത്തിലെ പല ഭാഗത്തും കരോൾ ഗാനം ആലപിച്ചു കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ കേക്ക് അന്തേവാസികൾക്ക് വിതരണം ചെയ്തു. 

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിലെ അന്തേവാസികൾക്കൊപ്പമാണ് ശാന്തി സമിതിയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നത്. ജില്ലയിലെ വിവിധ ഇടങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്നവരും ഉറ്റവരാല്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ ഒരു കൂട്ടം വൃദ്ധരാണ് ഇവിടെ ഉള്ളത്. 

ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സംഗമത്തിൽ മതമൈത്രിയുടെയും മാനവ സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ടു പാളയം ഇമാം വി.പി.ഷുഹൈബ് മൗലവിയും സ്വാമി അശ്വതി തിരുനാളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.



തുടർന്ന് പാളയം ഇമാമും സ്വാമിയും ചേർന്ന് ഒൻപതാം വാർഡ് അന്തേവാസിയും കാട്ടാക്കട സ്വദേശിയുമായ സോമന് ക്രിസ്മസ് കേക്ക് നൽകി. പഴയ ഒരു ക്രിസ്മസ് സിനിമാ ഗാനം സുന്ദരമായി ആലപിച്ചു കൊണ്ട് സോമൻ തന്നെയാണ് ക്രിസ്മസ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തത്. 

ഗാന്ധിയനും അധ്യാപകനുമായ ജെ.എം.റഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാന്തി സമിതി കൺവീനർ ആർ.നാരായണൻ തമ്പി, നഴ്‌സിംഗ് ഓഫീസർ സിസ്റ്റർ ശോശാമ്മ ,പ്രൊഫ.ജോൺ കുര്യൻ, ജോസി ജോസഫ് , എൻ.പി.നിഷാദ് എന്നിവർ സംസാരിച്ചു. നഴ്‌സിംഗ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്കും മിഠായിയും ആഘോഷത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്തു.