ഭരണ പരിഷ്കാരങ്ങളുമായി ചീഫ് ജസ്റ്റിസ്. പുതിയ നിര്‍ദ്ദേശങ്ങളുമായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ജഡ്ജിമാര്‍ പ്രവര്‍ത്തി ദിവസങ്ങളിൽ അവധിയെടുക്കരുത് നിര്‍ദ്ദേശം.

ദില്ലി: ജഡ്ജിമാര്‍ പ്രവര്‍ത്തി ദിവസങ്ങളിൽ അവധിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിര്‍ദ്ദേശം. ജഡ്ജി സ്ഥാനത്തിന്‍റെ അന്തസ്സും ആദരവും നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാജ്യത്തെ ഹൈക്കോടതികളിലെ കൊലീജിയം അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറസിംഗിലാണ് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പ്രവര്‍ത്തി ദിവസങ്ങളിൽ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നത് ഉൾപ്പടെയുള്ള നിര്‍ദ്ദേശങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മുന്നോട്ടുവെച്ചത്. പ്രവര്‍ത്തി ദിവസങ്ങളിൽ സെമിനാറുകളിലും മറ്റ് പരിപാടികളിലും പങ്കെടുക്കരുത്. ജഡ്ജി നിയമനത്തിനായി അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ കൊലീജിയം ജഡ്ജിമാര്‍ ബാഹ്യസമ്മര്‍ദ്ദങ്ങൾക്ക് കീഴപ്പെടരുത്. ജഡ്ജി പദവിയുടെ അന്തസ് തന്നെ ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് നല്ല കഴിവുള്ള അഭിഭാഷകര്‍ ഈ രംഗത്തേക്ക് വരാൻ മടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിചാരണ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഹൈക്കോടതി നിരീക്ഷിക്കണം. അത് തീര്‍പ്പാക്കാനുള്ള ഇടപെടലുകൾ നടത്തണം. നിര്‍ദ്ദേശങ്ങൾ പാലിക്കാത്തവരെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിര്‍ദ്ദേശിച്ചു. ജഡ്ജിമാര്‍ക്കിടയിൽ കൂട്ടായ അന്തസ്സ് ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പങ്കെടുത്ത പരിപാടിയിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.