തിരുവനന്തപുരം: കമലിനെതിരായ വിദ്വേഷ പ്രസ്താവനയെ ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ കടുത്ത ഭിന്നത. കമൽ രാജ്യം വിട്ട് പോകണമെന്ന എൻ രാധാകൃഷ്ണന്‍റെ നിലപാടിനെതിരെ അതി ശക്തമായി പ്രതികരിച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സികെ പ്ദമനാഭൻ രംഗത്തെത്തി. ഇതോടെ തിങ്കളാഴ്ച കോട്ടയത്ത് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിലും വിഷയം ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയാക്കുമെന്ന് ഉറപ്പായി
സംവിധായകൻ കമൽ രാജ്യം വിട്ട് പോകണമെന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പ്രസ്താവനയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനിടക്ക് കടുത്ത ഭിന്നിപ്പിനിടയാക്കിയത്. പൊതു സമൂഹത്തിൽ പാര്‍ട്ടിക്ക് പ്രസ്താവന ദോഷം ചെയ്തെന്ന നിലപാടിലാണ് വലിയൊരു വിഭാഗം.
എഎൻ രാധാകൃഷണന്‍റെ വാക്കുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് മുൻ സംസ്ഥാന അദ്ധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സികെ പദ്മനാഭൻ രംഗത്തെത്തി. ഒരാളോട് രാജ്യം വിട്ട് പോകണമെന്ന് പറയാൻ ആര്‍ക്കും അധികാരമില്ല. കമലിനെതിരെ മാത്രമല്ല നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എംടിക്കെതിരായുണ്ടാക്കിയ വിവാദങ്ങളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സികെ പത്മനാഭന്‍ തുറന്നടിച്ചു
നമുക്ക് ഇഷ്ടംതോന്നാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിന് ഈ അസഹിഷ്ണുതയെന്ന് തുറന്ന് ചോദിച്ച് ബിജെപി വക്താവ് എംഎസ് കുമാരും ഫേസ് ബുക്ക് പോസ്റ്റിട്ടു. പികെ കൃഷ്ണദാസ് വിഭാഗത്തിനൊപ്പമുള്ള നേതാക്കളിൽ മിക്കവരും തീവ്ര നിലപാടുകളെ ന്യായീകരിക്കുമ്പോൾ തന്നെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവര്‍ മൃദുസമീപനം കൈക്കൊണ്ടതും ശ്രദ്ധേയമാണ്.
ഇതിനിടെയാണ് അസഹിഷ്ണുത പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലുമായി സികെപിയും എംഎസ് കുമാറും അടങ്ങുന്ന മൂന്നാം ചേരി രൂപപ്പെടുന്നത്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി കോട്ടയത്ത് നടക്കുന്ന നേതൃയോഗത്തിൽ വിവാദ വിഷയങ്ങളും നേതാക്കൾക്കിടയിലെ ചേരിപ്പോരും ചൂടേറിയ ചര്‍ച്ചയാകും.
