ള്ളം പറഞ്ഞ് കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആര്‍ ശ്രീലേഖ ഞെളിയണ്ടെന്ന് അഭിഭാഷക പി വി വിജയമ്മ. 1996 ല്‍ സംഭവിക്കാത്ത കാര്യത്തിന്റെ പേരില്‍ ശ്രീലേഖ എന്തിനാണ് ഞെളിയാന്‍ ശ്രമിക്കുന്നതെന്ന് വിജയമ്മ ചോദിക്കുന്നു. പരാതി പറയാന്‍ ചെന്ന സാമൂഹ്യപ്രവര്‍ത്തകയെ അടിച്ചതിന്‍റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചെന്ന അവകാശവാദം സമൂഹത്തിനും പോലീസിനും നല്‍കുന്ന സന്ദേശം തെറ്റാണെന്നും പി വി വിജയമ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

1996 ല്‍ പത്തനംതിട്ടയില്‍ എസ്പി ആയി ജോലി ചെയ്തിരുന്ന സമയത്ത് കൃത്യ നിര്‍വ്വഹണത്തിന് തടസം സൃഷ്ടിച്ച അഡ്വക്കേറ്റിനെ തല്ലേണ്ടി വന്നെന്നും അതില്‍ നടപടികള്‍ നേരിടേണ്ടി വരുമോയെന്ന് ഭയന്നിരുന്നതായും എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ആ നടപടിയെ അഭിനന്ദിച്ചുവെന്നും 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അവകാശപ്പെട്ടത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു പി വി വിജയമ്മ.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍ ശ്രീലേഖ ഐപിഎസ് പറഞ്ഞത്

പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ ഒരു വനിതാ വക്കീലുമായി പ്രശ്നമുണ്ടായി. പെണ്‍കുട്ടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പയ്യന്മാരെ അറസ്റ്റ് ചെയ്തു. ആ കേസ് കൊലപാതകമാക്കി രജിസ്റ്റര്‍ ചെയ്യാന്‍ വക്കീല്‍ നിര്‍ബന്ധിച്ചു. പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ല. അവരുമായി സംസാരിക്കുന്ന സമയത്താണ് കലക്ടറുടെ ഫോണ്‍ വന്നത്.

ഞാന്‍ ഫോണെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിന് പരിഹാരമുണ്ടാക്കിയിട്ട് മതി ഫോണ്‍ ചെയ്യല്‍ എന്ന് പറഞ്ഞ് ആ സ്ത്രീ എന്റെ കയ്യില്‍ കടന്ന് പിടിച്ചു. ക്ഷമ കെട്ട് ഒരൊറ്റ അടി കൊടുത്തു. നായനാര്‍ സാറാണ് അപ്പോഴ്‍ മുഖ്യമന്ത്രി. കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ടയില്‍ എത്തി. അടി പ്രശ്നത്തിന്റെ പേരില്‍ നടപടിയെടുക്കും എന്ന് പേടിച്ചിരുന്നു. കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു "ഓളെ അടിച്ചോ..?" "അടിച്ചു പോയി സാര്‍" ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം ഒരു വാക്കേ പറഞ്ഞുള്ളൂ "മിടുക്കി".

അധികാരവും വിവരക്കേടും തലയ്ക്ക് പിടിച്ചതാണ് നടക്കാത്ത കാര്യം പറഞ്ഞുണ്ടാക്കുന്നതിനു പിന്നില്‍. മരിച്ചു പോയ ഇ കെ നായനാര്‍ ഈ അവകാശവാദം നിഷേധിക്കാന്‍ വരില്ലെന്ന അഹങ്കാരമാണ് വാസ്തവ വിരുദ്ധമായ അവകാശവാദവുമായി മുന്നോട്ട് വരാന്‍ ശ്രീലേഖയെ പ്രേരിപ്പിച്ചത്.

സംഭവം അന്ന് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചതാണ്. എന്നാല്‍ അന്നൊന്നും പറയാതിരുന്ന ഒരു അവകാശവാദമാണ് ഇപ്പോള്‍ ശ്രീലേഖ ഉന്നയിക്കുന്നത്. അന്ന് അങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കില്‍ പ്രശ്നം ഇങ്ങനെ ആകില്ലായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ പൊതുസമൂഹത്തിനും പ്രത്യേകിച്ച് പോലീസിനും നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും വിജയമ്മ പറഞ്ഞു.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 'വനിത'യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആര്‍ ശ്രീലേഖക്കെതിരെ മാനനഷ്ടത്തിനും അപകീര്‍ത്തിപ്പെടുത്തിയതിനും കേസുമായി മുന്നോട്ട് പോകുമെന്നും പി വി വിജയമ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.

അന്ന് ടിപി സെന്‍കുമാര്‍ ആയിരുന്നു സംഭവം അന്വേഷിച്ചത്. കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തി, അതിക്രമിച്ച് കയറിയെന്ന വകുപ്പുകള്‍ ചുമത്തിയാണ് വിജയമ്മക്കെതിരെയുള്ള അന്വേഷണം നടന്നത്. കേസില്‍ 2004 ഏപ്രില്‍ 30 ന് വിജയമ്മയെ കോടതി വെറുതെ വിട്ടിരുന്നു.