മാണിയുടെ പിന്തുണ തേടിയതിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത

First Published 18, Mar 2018, 12:13 PM IST
clash in bjp after seeking alliance with km mani
Highlights

എന്‍.ഡി.എയുടെ നയപരിപാടികള്‍ അംഗീകരിച്ചാല്‍ മാണിക്ക് സ്വാഗതമെന്ന് കുമ്മനം

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെര‍ഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ തേടിയതിനെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത. കള്ളന്മാരുടെയും, കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് വി മുരളീധരന്റെ പരിഹസിച്ചപ്പോള്‍ മുന്നണിയിലേക്ക് കെ.എം മാണിയെ കുമ്മനം വീണ്ടും സ്വാഗതം ചെയ്തു.

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയുറപ്പിക്കാന്‍ പി.കെ കൃഷണദാസ് ദൂതനായത്. എന്നാല്‍ ഈ നീക്കത്തില്‍ മുരളീധരവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. തെരഞ്ഞെടുപപ്പിൽ  കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്നായിരുന്നു മാണിയുടെ പിന്തുണ തേടിയതിനോട് വി മുരളീധരന്റെ പ്രതികരണം. എല്ലാവരുടെയും വോട്ട് വേണമെന്നും കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വി. മുരളീധരന്റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ തള്ളി. എന്‍.ഡി.എയുടെ നയപരിപാടികള്‍ അംഗീകരിച്ചാല്‍ മാണിക്ക് സ്വാഗതമെന്ന് കുമ്മനം ആവര്‍ത്തിച്ചു. നേരത്തെ ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച വി മുരളീധരന്റെ നിലപാടിന് പാര്‍ട്ടിയില്‍ വലിയ പിന്തുണ കിട്ടിയിരുന്നില്ല. മാണിയുമായി നേരത്തെ നടന്ന ചര്‍ച്ചക്കും സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് കൃഷ്ണദാസിനെയായിരുന്നു. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും പി കെ കൃഷ്ണദാസാണ്.

മുരളീധരപക്ഷത്തെ പ്രചാരണ രംഗത്തേക്ക് അടുപ്പിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ കൂടിയാണ് അവരുടെ പ്രതിഷേധം മറനീക്കി പുറത്ത് വരുന്നത്. കൃഷ്ണദാസ്-മുരളീധര പക്ഷങ്ങള്‍ തമ്മിലുള്ള പോര് ചെങ്ങന്നൂരിലെ പ്രചാരണ രംഗത്തും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

loader