ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ ഗ്രാമമുഖ്യന്റെ ആഭിമുഖ്യത്തില്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതായി ആരോപണം. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ സുഹൃത്തിനെ തടഞ്ഞുവെച്ച ശേഷമാണ് അടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്‌ക്കാതെയാണ് ഗ്രാമത്തമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘം വിവാഹ ചടങ്ങുകള്‍ നടത്തിയത്. ഗുല്‍ഹാരിയയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാനെത്തിയ, ചില്ലുപര്‍ സ്വദേശി രാദേ ശ്യാം ജയ്‌സ്വാളിനെ പ്രദേശവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് വിവാഹം നടത്തിയത്. ചില പൊലീസുകാരുടെ കൂടി സാന്നിദ്ധ്യത്തിലാണ് വിവാഹം നടത്തിയതെന്നും ആരോപണമുണ്ട്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചുവെന്നൊരു പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, കുട്ടിയുടെ വയസ് സംബന്ധിച്ച മെഡിക്കല്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഗുല്‍ഹാരിയ പൊലീസ് അധികൃതര്‍ പറഞ്ഞു.