ഖത്തര്‍: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളയേയും നേഴ്‌സറികളെയും വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാനുള്ള നടപടിക്ക് തുടക്കമായി. സ്‌കൂളുകളെയും നഴ്സറികളെയും വിദ്യാഭ്യാസ നിലവാരമനുസരിച്ചു നാല് വിഭാഗങ്ങളായി തിരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. വിദ്യാഭ്യാസ നിലവാരം, ഫീസ് ഘടന എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളെയും നേഴ്‌സറികളെയും എ.ബി.സി.ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി തയാറാക്കിയത്.
രക്ഷിതാക്കള്‍ക്ക് സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പഠന നിലവാരവും ഫീസ് ഘടനയും നോക്കി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഇതിനായി സ്‌കൂളുകളുടെ പഠന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനുള്ള പ്രത്യേക കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചതായും അടുത്ത അധ്യയന വര്ഷം തുടങ്ങുന്നതിനു മുന്‍പ് റിപ്പോര്‍ട് സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി ഹമദ് അല്‍ ഗാലി അറിയിച്ചു. രാജ്യത്തു പുതുതായി സ്‌കൂളുകളും നേഴ്‌സറികളും ആരംഭിക്കുന്നതിനുള്ള എഴുപതോളം അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ നല്‍കാനുള്ള അവസാന തിയതി ജൂണ്‍ മുപ്പത് വരെ നീട്ടി നല്‍കിയത് കൂടുതല്‍ സ്വകാര്യ സ്‌കൂളുകള്‍ വരേണ്ടതുണ്ടെന്ന് മന്ത്രാലയത്തിന് ബോധ്യപ്പെട്ടത് കൊണ്ടാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിവിധ കാരണങ്ങള്‍ ചൂണ്ടി കാട്ടി രാജ്യത്തെ 128 ഓളം സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധനവ് ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇതില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ മാത്രമേ ഫീസ് വര്‍ദ്ധവിനായുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി പരിഗണിച്ചാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ഏകീകൃത പ്രവര്‍ത്തന രീതി ഏര്‍പ്പെടുത്താന്‍ മന്ത്രാലയം തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനു പുറമെ, അറബി ഭാഷ, ഇസ്ലാമിക പഠനം, ഖത്തറിന്റെ ദേശീയ ചരിത്രം എന്നിവ സ്വകാര്യ സ്‌കൂളുകളില്‍ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണമെന്നും പരമാവധി പ്രവര്‍ത്തി സമയം അഞ്ചു മണിക്കൂര്‍ ആയിരിക്കണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിച്ചു.
