ശബരിമലയിൽ പൊലീസ് സംഘം ബൂട്ടിട്ട് കയറിയതിനാൽ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി. സംഭവത്തിൽ നേരത്തെ ശബരിമല സ്പെഷ്യൽ ഓഫീസർ ഖേദം പ്രകടിപ്പിച്ചിരുന്നു.

സന്നിധാനം: ശബരിമലയിൽ സന്നിധാനത്തിനടുത്ത് പൊലീസ് ബൂട്ടിട്ട് എത്തിയതിനാൽ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ട്രാൻസ്ജെൻഡറുകൾ സന്നിധാനത്ത് ദർശനത്തിനെത്തിയപ്പോൾ അവർക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീൽഡും ധരിച്ച് എത്തിയത്. 

ബുധനാഴ്ചയ്ക്ക് മുമ്പ് ശുദ്ധിപരിഹാരക്രിയ വേണമെന്നാണ് തന്ത്രി നിർദേശിച്ചത്. ഇന്ന് തന്നെ ശുദ്ധിക്രിയ നടത്തും. ഇന്നലെയാണ് നാല് ട്രാൻസ് ജെൻഡറുകൾ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇവർക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥർ ബൂട്ടും ഷീൽഡും ലാത്തിയും ധരിച്ച് സന്നിധാനത്തിന് തൊട്ടുപിന്നിലെ മേൽപ്പാലത്തിലാണ് കയറിയത്. ഇത് ആചാരലംഘനമാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.