റിയാദ്; യുഎഇയില്‍ സമീപകാലത്തെ ഏറ്റവും കൂടിയ തണുപ്പിലേക്ക് നീങ്ങുന്നു. വടക്കുപടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ശക്തമാകുന്നതോടെ താപനില താഴുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.
കാറ്റ് ശക്തമാകുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കുറയും. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും തണുപ്പ് കൂടുതലായി അനുഭവപ്പെടുക. അല്‍ ഐന്‍ മേഖലയില്‍ നാളെയും മൂടല്‍മഞ്ഞിനു സാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെങ്ങും തണുപ്പു പൊതുവേ കൂടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ ആകുമെന്നാണു ദുബായ് മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട്.
മുന്‍വര്‍ഷങ്ങളിലെക്കാള്‍ ജനുവരിയില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടും. പോയവര്‍ഷങ്ങളില്‍ ജനുവരിയില്‍ ഏറ്റവും കൂടിയത് 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 12 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പു നല്‍കാന്‍ മീഡിയാ പേജില്‍ മുനിസിപ്പാലിറ്റി പുതിയ സൗകര്യമൊരുക്കിയിട്ടുണ്ട്.
കാലാവസ്ഥാ സംബന്ധമായി എല്ലാദിവസവും ബുള്ളറ്റിന്‍ ഇറക്കും. ദുബായ് മുനിസിപ്പാലിറ്റി കാലാവസ്ഥാ മുന്നറിയിപ്പുമായി നജിം സുഹൈല്‍ എന്ന പേരില്‍ ആപ്പ് പുറത്തിറക്കി. 16 നിരീക്ഷണകേന്ദ്രങ്ങള്‍ വഴി അന്തരീക്ഷ വ്യതിയാനങ്ങള്‍ വിലയിരുത്തിയായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക.
