2050 ആകുമ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 2.8ലെത്തും 'കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും ജനത്തിന് താല്‍പര്യമില്ല'
ദില്ലി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ സാമ്പത്തികാവസ്ഥയെ തകിടം മറിക്കുമെന്നും ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം മനുഷ്യരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ലോക ബാങ്ക് നടത്തിയ പഠനം പറയുന്നു.
2050 ഓടെ കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ തകര്ക്കുന്നതിലൂടെ ജിഡിപി വളര്ച്ചാ നിരക്ക് 2.8ലെത്തുമെന്നാണ് പഠനം പറയുന്നത്. രാജ്യത്തിന്റെ മധ്യഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിക്കുകയെന്നും മലയോര-തീരദേശ പ്രദേശങ്ങള് താരതമ്യേന സുരക്ഷിതമായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഛത്തീസ്ഗഡും മധ്യപ്രദേശുമാണ് ഏറ്റവുമധികം പ്രതിസന്ധികള് നേരിടേണ്ടിവരിക.
ആഗോളതാപനത്തിന്റെ ഭാഗമായി താപനിലയില് കാര്യമായ മാറ്റം വരികയും മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വര്ഷങ്ങള് എടുത്ത് പതിയെ നടക്കുന്ന ദുരന്തത്തെപ്പറ്റി അറിയാനും ചര്ച്ച ചെയ്യാനും ആളുകള് താല്പര്യപ്പെടുന്നില്ലെന്നും പഠനത്തിന് നേതൃത്വം നല്കിയ വിദഗ്ധര് അഭിപ്രായപ്പെടുന്നു.
കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥ സ്വാഭാവിനമായും കച്ചവടം, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളേയും ബാധിക്കും. ക്രമേണ ഓരോ പ്രദേശങ്ങളില് നിന്നും ആളുകള് ഒഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാം- പഠനം രേഖപ്പെടുത്തുന്നു.
