യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി  ബിജെപിയുടെ കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണ് നീക്കത്തിന് പിന്നില്‍

തിരുവനന്തപുരം: യുജിസി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി. ഈ കമ്മീഷന്‍ നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്നുള്ള പങ്ക് കൂടുതല്‍ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് പിണറായി വിജയന്‍ ആരോപിക്കുന്നു. ബിജെപിയുടെ കാവിവല്‍ക്കരണത്തിനുള്ള ശ്രമമാണ് നീക്കത്തിന് പിന്നിലെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു.

യു.ജി.സിയ്ക്കു പകരം എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തേ തുടങ്ങിയിരുന്നു. വാണിജ്യവല്‍ക്കരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പുകാരണം അത് നടപ്പായില്ല. എന്നാല്‍ വാണിജ്യവല്‍ക്കരണത്തോടൊപ്പം കാവിവല്‍ക്കരണമാണ് നിലവിലെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവാരം ഉയര്‍ത്താനും സംസ്ഥാനങ്ങളുടേയും മേഖലകളുടേയും ആവശ്യം പരിഗണിച്ച് സര്‍വ്വകലാശാലകള്‍ക്ക് ഗ്രാന്‍റ് നല്‍കാനും 1953 മുതല്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍. ഈ കമ്മീഷന്‍ നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്നുള്ള പങ്ക് കൂടുതല്‍ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനം. 

സ്വതന്ത്ര്യലബ്ധിയെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പഠിക്കാന്‍ വിഖ്യാത വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായി യൂണിവേഴ്സിറ്റി എജൂക്കേഷന്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. 1948-49 വര്‍ഷങ്ങളില്‍ ഈ മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷനാണ് യു.ജി.സി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. ജനാധിപത്യപരമായ രീതിയില്‍ സര്‍വ്വകലാശാലകള്‍ക്ക് ഫണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി രാധാകൃഷ്ണന്‍റെ ശുപാര്‍ശകളില്‍ അടങ്ങിയിരുന്നു.

1953-ല്‍ പ്രവര്‍ത്തനം തുടങ്ങിയ യുജിസിയ്ക്ക് 1956 ലാണ് നിയമ പ്രാബല്യം ലഭിച്ചത്. പോരായ്മകളുണ്ടായിരുന്നുവെങ്കിലും നമ്മുടെ ഫെഡറല്‍ ഘടനയ്ക്ക് അനുസൃതമായാണ് യുജിസി പ്രവര്‍ത്തിച്ചുവന്നത്. ആ സംവിധാനം ഇല്ലാതാക്കി പൂര്‍ണ്ണമായും കേന്ദ്രമന്ത്രാലയത്തിന്‍റെ കീഴിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരികയാണ്. 

യു.ജി.സിയ്ക്കു പകരം എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തേ തുടങ്ങിയിരുന്നു. വാണിജ്യവല്‍ക്കരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പുകാരണം അത് നടപ്പായില്ല. അന്ന് യുപിഎക്ക് നടപ്പാക്കാന്‍ കഴിയാതിരുന്നത് ഇപ്പോള്‍ ബി.ജെ.പി നടപ്പാക്കുന്നു. ബിജെപിക്ക് വാണിജ്യവല്‍ക്കരണത്തോടൊപ്പം മറ്റൊരു ലക്ഷ്യം കൂടിയുണ്ട് - കാവിവല്‍ക്കരണം. യുജിസിയെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടേയും ശബ്ദം ഉയരേണ്ടതുണ്ട്.