കൊച്ചി: കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കിനിന്നുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി. പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിക്കാന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട് . ഉയര്‍ന്ന മാനവികബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

ബഹുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷപ്പെടുത്താതെ ആൾക്കൂട്ടം കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അജ്ഞാതയായ വീട്ടമ്മ ഇടപെട്ടതിനെ തുടർന്നാണ് ചോരയൊലിപ്പിച്ച് ഏറെനേരെ റോഡിൽ കിടന്നയാളെ അശുപത്രിയിലെത്തിച്ചത്. കൊച്ചി നഗരത്തിലെ തിരക്കേറിയ പദ്മ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

സമീപത്തെ ഒരു ലോഡ്ജിൽ നിന്നും തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് റോഡിൽ നിർത്തിയിട്ട ഒരു സ്കൂട്ടറിന് മുകളിൽ തട്ടി സജി ഫു്ടപാത്തിൽ വീഴുമ്പോൾ നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. ചിലർ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥം വിട്ടു. ചിലർ ഒന്നും സംഭവിക്കാത്തപോലെ നടന്നു നീങ്ങി. ബാക്കിയുള്ളവർ വെറു കാഴ്ചക്കാരായി നിന്നു.

ഇത് കണ്ടാണ് വഴിയാത്രക്കാരിയായ വീട്ടമ്മ രോഷത്തോടെ ഇടപെട്ടത്. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാൻ അവർ പലരോടും പലവട്ടം അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടം നടന്ന സ്ഥലത്ത് തന്നെ പാർക്ക് ചെയ്ത ജീപ്പും ഓട്ടോയുമണ്ടായെങ്കിലും അവർ ഒന്നും കണ്ട ഭാവം നടച്ചിച്ചില്ല. യുവതി നിരന്തരം അഭ്യർത്ഥിച്ചതോടെ ചിലർ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാൻ ശ്രമിച്ചു. ഓട്ടോയിൽ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡിൽ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.

സഹികെട്ട വീട്ടമ്മ ഒരു കാർ തടഞ്ഞു നിർത്തിയത കൊണ്ടുമാത്രമാണ് അപകടത്തിൽപെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റാനായത്. പരുക്കേറ്റ സജിയെ ആദ്യം ജനറൽ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിപെട്ടയാളുടെ ജീവൻ രക്ഷിച്ച വീട്ടമ്മ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.