സംസ്ഥാന ശിശുക്ഷേമ സമിതിയിലെ നിയമനങ്ങള്‍, കുട്ടികളെ ദത്തുനല്‍ക്കല്‍, സ്റ്റാമ്പ് അച്ചടിച്ച് വിതരണം ചെയ്യല്‍ എന്നിവയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോ‍ര്‍ട്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന് ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന അന്വേഷണ സമിതിയുടെ ശുപാര്‍ശ ശരിവച്ചു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. മുന്‍ ഭരണസമിതി അംഗങ്ങളായ സുനില്‍ സി. കുര്യന്‍. ചെമ്പഴന്തി അനില്‍ എന്നിവര്‍ക്കെതിരെയാണ് ക്രമക്കേട് അന്വേഷണ സമിതി കണ്ടെത്തിയത്. സമിതിയുടെ നിയമാവലി അട്ടിമറിച്ച് 868 അംഗങ്ങളെ ആജീവനാനന്ത അംഗമാക്കി, 37 പേരെ സ്ഥിരപ്പെടുത്തിയെന്നും കണ്ടെത്തി. മുന്‍ഗണനാക്രമം തെറ്റിച്ച് കുട്ടികളെ അപേക്ഷകര്‍ക്ക് ദത്തുനല്‍കി, വിദേശത്തേക്കും കുട്ടികളെ ദത്തുനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍വരുന്നത്. ഈ മാസം 16 ന് സംസ്ഥാന ശിശുക്ഷേമ സമിതിയിലേക്ക് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.