സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത് ആര്‍ എസ് എസ് ആണെന്ന് മുഖ്യമന്ത്രി. ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ മോദിയുടെ അനുയായികൾ. രാഹുല്‍ ഗാന്ധി കേരളത്തിനെതിരെ പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻരാഹുൽ ഗാന്ധിയുടെയും കേരളത്തിലെ പ്രസംഗങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത് ആര്‍ എസ് എസ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ- ആരോഗ്യ മേഖല തർന്നുവെന്ന രാഹുലിന്‍റെ പരാമർശത്തെയും മുഖ്യമന്ത്രി സഭയിൽ വിമർ‍ശിച്ചു. ഗവർണറുടെ നയപഖ്യാപനത്തിന്‍റെ നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രി വിമ‍ർശനം.

കേരളത്തിൻറെ സാംസ്കാരി പൈതൃകത്തിന് മുറിവേൽപ്പിച്ചത് പ്രധാനമന്ത്രിയുടെ അനുയായികളാണ്. നിലയ്ക്കലും സന്നിധാനത്തും ആക്രമണം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തിൽ വന്ന് പ്രധാനമന്ത്രി വിമർശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു.

കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു. കേരളത്തിന്‍റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയാൻ പാടില്ലാത്തതാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.