Asianet News MalayalamAsianet News Malayalam

വിവാദങ്ങളിൽ തൊടില്ല; വികസന ചലഞ്ചുമായി പിണറായി

സൈബറിടങ്ങളിൽ ശബരിമല നിറയുമ്പോൾ പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഇടപെടൽ എങ്ങനെയാവണം എന്നതിനും പ്രവർത്തിയിലൂടെയാണ് പിണറായിയുടെ മറുപടി. പ്രസംഗങ്ങളിൽ മാത്രമല്ല, ഫേസ്ബുക്ക് പോസ്റ്റുകളിലും വിവാദ വിഷയങ്ങളിൽ തൊടുന്നില്ല. ശബരിമലയെപ്പറ്റിയോ സ്ത്രീ പ്രവേശന വിവാദത്തെ കുറിച്ചോ പരാമർശമില്ല.

CM Pinarayi Vijayan avoiding controversial subjects  in public discourses since two weeks
Author
Thiruvananthapuram, First Published Jan 24, 2019, 12:19 PM IST

ബരിമല വിവാദവും വിശ്വാസ സംരക്ഷണ ചർച്ചകളും സജീവമാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വികസന നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ നയം. പൊതു പരിപാടികളിൽ പങ്കെടുക്കുന്ന നേതാക്കൾ മുഖ്യമായും പറയേണ്ടത് നാടിന്‍റെ വികസന നേട്ടങ്ങളാകണം എന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശവും.

സ്വന്തം മണ്ഡലത്തിൽ കുടുംബയോഗങ്ങൾ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനൗദ്യോഗിക തുടക്കം കുറിച്ചപ്പോൾ ഈ നയം പിണറായി അക്ഷരംപ്രതി പാലിച്ച് കാട്ടിക്കൊടുക്കുകയും ചെയ്തു. അടുത്തിടെയായി പിണറായി നടത്തുന്ന പ്രസംഗങ്ങളിൽ വികസന നേട്ടങ്ങൾ ഓരോന്നായി എടുത്ത് വിശദീകരിക്കുന്നുണ്ട്, എന്നാൽ വിവാദ വിഷയങ്ങളിൽ തൊടുന്നില്ല. ശബരിമലയെ കുറിച്ചോ സ്ത്രീ പ്രവേശന വിവാദത്തെ കുറിച്ചോ പ്രസംഗങ്ങളിൽ പരാമർശമില്ല.

സൈബറിടങ്ങളിൽ ശബരിമല നിറയുമ്പോൾ പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഇടപെടൽ എങ്ങനെയാവണം എന്നതിനും പ്രവർത്തിയിലൂടെയാണ് പിണറായിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും പിണറായി വിജയന്‍റെ സ്വന്തം പേരിലുള്ള ഫേസ് ബുക്ക് പേജിലും കഴിഞ്ഞ പതിനഞ്ച് ദിവസമായി രാഷ്ട്രീയ പോസ്റ്റുകൾ ഇല്ലേയില്ല.

രാഷ്ട്രീയ ഗണത്തിൽ പെടുത്താവുന്ന ഏറ്റവും ഒടുവിലത്തെ പോസ്റ്റ് വനിതാ മതിലിനെ കുറിച്ചാണ്. വൻകിട വികസന പദ്ധതികൾ, അതിനായി ചെലവാക്കുന്ന തുക, അവയുടെ പുരോഗതിയും ഇവയെല്ലാമടക്കം സമഗ്രമായ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെടെ ദിവസവും അപ്ഡേഷനുകളുമുണ്ട്. മികച്ച പ്രതികരണമാണ് വികസന പോസ്റ്റുകൾക്ക്  കിട്ടുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്തമാനം.

ഭരണനേട്ടങ്ങളും സർക്കാരിന്‍റെ പൊതുവികസന പദ്ധതികളും ഉൾപ്പെടുത്തി സൈബറിടങ്ങളിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാരും. ഇ പി ജയരാജനും എ സി മൊയ്ദീനും ടി പി രാമകൃഷ്ണനും അടക്കമുള്ളവർ  മുഖ്യമന്ത്രിയുടെ ചുവട് പിടിച്ച് സ്വന്തം പേജുകൾ വികസന ചലഞ്ച് കൊണ്ട് നിറയ്ക്കുന്നുണ്ട്. മറ്റ് വകുപ്പുകളും ഇതിനുള്ള നടപടികൾ അണിയറയിൽ നടത്തുകയാണ്. 

സർക്കാരിന് രാഷ്ട്രീയമായി വലിയ ഏറ്റവും അധികം തിരിച്ചടി നേരിടാൻ ഇടയുണ്ടായിരുന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം പ്രധാനമന്ത്രിയെ വേദിയിലിരുത്തി വികന നേട്ടം പറഞ്ഞ് പിണറായി അനുകൂലമാക്കിയെടുത്തെന്ന പൊതുവികാരമാണ് സർക്കാരിനും ഇടത് മുന്നണിക്കും ഉള്ളത്. ഒന്നും നടക്കില്ല എന്ന് പറയുന്നവർക്ക് കൊല്ലം മാതൃക പിന്തുടർന്ന്, എല്ലാം നടക്കുമെന്ന് മറുപടി നൽകാനാണ് പിണറായി ആവശ്യപ്പെടുന്നത്. എന്നാൽ വിശ്വാസികളും അവിശ്വാസികളും എന്ന മട്ടിൽ കേരളം വിഭജിച്ചെന്ന വിലയിരുത്തലിൽ പ്രചരണ രംഗത്ത് സജീവമാവുകയാണ് യുഡിഎഫും ബിജെപിയും. അതിനെതിരെ എത്രനാളിങ്ങനെ വികസനം പറഞ്ഞ് പിണറായിക്ക് പിടിച്ച് നിൽക്കാനാകുമെന്നും കണ്ടറിയണം.

Follow Us:
Download App:
  • android
  • ios